ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച

ക്രിക്കറ്റ് മൈതാനത്ത് ബാറ്റും ബോളുംകൊണ്ടും ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത ഇമ്രാന്‍ ഖാന്‍ എന്ന ക്രിക്കറ്റ് താരം ഇനി പാക് മണ്ണിന്റെ ‘ക്യാപ്റ്റന്‍’. പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാനെ ദേശീയ അസംബ്ലി തെരഞ്ഞെടുത്തു.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ 176 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസിന്റെ(പി.എം.എല്‍-എന്‍) ശഹബാസ് ശരീഫിന് 96 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ദേശീയ അസംബ്ലിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ അസദ് ഖൈസര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. എന്നാല്‍ എതിര്‍പ്പോടെയാണ് പ്രതിപക്ഷം സ്പീക്കറുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. അംഗീകരിക്കില്ല, നവാസ് ശരീഫാണ് തങ്ങളുടെ പ്രധാനമന്ത്രിയെന്ന് പി.എം.എല്‍-എന്‍ അംഗങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച ചുമതലയേല്‍ക്കും. ജൂലൈ 25ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായിരുന്നു. എന്നാല്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറു കക്ഷികളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ ഭരണം നടത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *