കൊച്ചി: വലിയ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .ആഷിഖ് അബു ചിത്രം വൈറസ്സില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് സ്ക്രീനില്‍ എത്തുക. പൂര്‍ണ്ണിമ മോഹന്‍ എന്ന പേരില്‍ സിനിമ, സീരിയല്‍, ആങ്കറിങ് രംഗത്തു സജീവമായിരുന്നു. വിവാഹ ശേഷം കുറച്ചു നാള് കൂടി സീരിയല്‍ രംഗത്ത് തുടര്‍ന്നെങ്കിലും പിന്നീട് അഭിനയരംഗത്തു നിന്നു തന്നെ മാറി നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഫാഷന്‍ രംഗത്തു തന്റെ ബ്രാന്‍ഡായ പ്രണയിലൂടെ പൂര്‍ണ്ണിമ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. പ്രമുഖ ഫാഷന്‍ ഷോകളിലും, സെലിബ്രിറ്റി, മോഡലുകളുടെ ഇടയിലും നിറ സാന്നിധ്യമാണ് പ്രണ. ഡാനി, മേഘമല്‍ഹാര്‍ തുടങ്ങിയവ ആണ് പൂര്‍ണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.ആഷിഖ് അബു ഒരുക്കുന്ന വൈറസില്‍ വന്‍ താര നിര അണിനിരക്കുന്നു എന്നുള്ള പ്രത്യേകതയുമുണ്ട്.എപ്രില്‍ 11 ന് ചിത്രം തീയറ്ററില്‍ എത്തും.
നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആരോഗ്യ മന്ത്രിയായെത്തുന്നത് രേവതിയാണ്. നേഴ്സ് ലിനിയായി റിമ കല്ലിങ്കലാണ് എത്തുന്നത്. കളക്ടറുടെ വേഷത്തില്‍ ടൊവിനോ തോമസാണ് എത്തുന്നത്. തിരിച്ചുവരവില്‍ ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണ്ണിമ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്.













