ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീര്‍ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത് .പര്‍വത നിരകളാല്‍ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ പേരില്‍ രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു സ്ഥലമാണ് ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ജമ്മു&കാശ്മീര്‍. ഇവിടം സന്ദര്‍ശിച്ച മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീര്‍ കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ, പാകിസ്താന്, അഫ്ഗാനിസ്ഥാന്, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണ്. ഇന്ന് ഇന്ത്യന്‍ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. നയനമനോഹരമായ പര്‍വ്വതങ്ങളും, തെളിനീരുറവകളും, ആരാധനായലയങ്ങളും, ഹിമശേഖരങ്ങളും, ഉദ്യാനങ്ങളും ഈ പ്രദേശത്തിന് മനോഹാരിത കൂട്ടുന്നു. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരമായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
തണുപ്പുകാലത്ത് കശ്മീര്‍ താഴ്വരയിലെ താപനില -1 °C വരെയെത്തുന്നു. വേനല്‍ക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്. കശ്മീര്‍ താഴ്വര വൃക്ഷങ്ങള്‍ ധാരാളം വളരുന്നയിടമാണ് ഝലത്തിന്റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങള്‍ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വോള്നട്ട് (അക്രൂഡ്) മരങ്ങള്‍ വളരുന്നു. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ ബിര്‍ച്ച് മരങ്ങള്‍ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉല്‍പ്പന്നമാണ്.

കശ്മീരികളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും വലിയ അരുവികളുടേയും കരയില്‍ നെല്‍പ്പാടങ്ങള്‍ കാണാം. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെരുവുകള്‍ തട്ടുതട്ടാക്കി നെല്‍കൃഷി നടത്തുന്നു. ഇവിടങ്ങളില്‍ ചോളം(maize) ആണ് പ്രധാനകൃഷി. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തിബറ്റന്‍ ബാര്‍ലിയുടെ കടുത്ത ഒരു വകഭേദമാണ് കൃഷി. മറ്റു വിളകള്‍ ഈയിടങ്ങളില്‍ കൃഷിക്ക് യോഗ്യമല്ല
അരിക്കു പുറമേ പഴങ്ങള്‍, പച്ചക്കറികള്‍, പുകയില തുടങ്ങിയവയും കശ്മീരിലെ പ്രധാന കൃഷികളാണ്. നദീതീരങ്ങളിലെ ചതുപ്പില്‍ വില്ലോ വൃക്ഷങ്ങള്‍ നട്ട് നികത്തിയെടുക്കുന്ന പ്രദേശങ്ങളാണ് ഈ കൃഷികള്‍ക്കായി ഉപയോഗിക്കുന്നത്[1]. കുങ്കുമപൂവും ഇവിടെ കൃഷിചെയ്യുന്നുണ്ട്. രുചികരമായ പഴങ്ങള്‍ക്കും കശ്മീര്‍ പേരുകേട്ടതാണ്. ഇവിടത്തെ കാലാവസ്ഥ, ആപ്രിക്കോട്ട്, ആപ്പിള്‍, വീഞ്ഞുമുന്തിരി, വാള്‍നട്ട് എന്നിവക്ക് വളരെ യോജിച്ചതാണ്. നേരിട്ട് ഭക്ഷിക്കുന്നതിനു പുറമേ വാള്‍നട്ടില്‍ നിന്നും എടുക്കുന്ന എണ്ണ തദ്ദേശീയര്‍ വിളക്കുകളില്‍ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. വിദേശ സഞ്ചാരികള്‍ക്ക് എന്നും സ്വര്‍ഗം തന്നെയാണ് കാശ്മീര്‍.
കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ താഴ്വരയാണ്. 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിര്‍ പഞ്ചാല്‍ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്. ശ്രീനഗറാണ് കശ്മീര്‍ താഴ്വരയിലെ പ്രധാന പട്ടണം. മരത്തില്‍ നിര്‍മ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ ശ്രീനഗറില്‍ കാണാം.
താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങള്‍ വടക്കുള്ള ഗില്‍ഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്.വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിര്‍ പഞ്ചാല്‍ മലനിരകളിലുള്ള ബനിഹാല്‍ ചുരത്തിലൂടെ ജമ്മുവില്‍ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനില്‍ നിന്നും, കാരകോറം ചുരം വഴി ചൈനയില്‍ നിന്നും കശ്മീര്‍ താഴ്വരയില് പ്രവേശിക്കാം. ബനിഹാല്‍ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാല്‍ പില്ക്കാലത്ത് ഇവിടെ നിര്‍മ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹര്‍ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.കശ്മീര്‍ താഴ്വരയില് ധാരാളം തടാകങ്ങളുണ്ട്. ഇതില്‍ ഏറ്റവും വലുത് ദല് തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്.













