തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും ടീം ഇന്ത്യയ്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലോകം മുഴുവന്‍ നല്കുന്ന സ്നേഹമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്ക് കരുത്താകുന്നതെന്ന് പിണറായി വിജയന് പറഞ്ഞു.
ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ വിജത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു കോഹ്ലി വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യന്‍ ടീമെന്ന നിലയില്‍ കഴിയുന്നത് ചെയ്യുകയാണെന്നും കോഹ്ലി പറഞ്ഞു. മത്സരത്തിലെ ടീം അംഗങ്ങളുടെ മാച്ച് ഫീ ടീം ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെന്‍ബ്രിജ് ടെസ്റ്റ് മത്സരത്തിനു ശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. കേരളത്തിലെ പ്രളയബാധിതര്‍ക്കാണ് ഈ ജയം സമര്‍പ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത് കോഹ്ലി പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റണ്‍സിനാണ് ട്രെന്‍ബ്രിജില്‍ നടന്ന മൂന്നാം ടെസറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്ലിയാണു മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച്. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പര 2-1 എന്ന നിലയിലായി. മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഹാര്‍ദിക് പാണ്ഡ്യയും രണ്ടാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മത്സരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.












