ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 142 റണ്‍സിന്റെ വിജയലക്ഷ്യം


ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ബംഗ്ലാദേശിനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ 141 ല്‍ എത്തിച്ചത്. 37 പന്തില്‍ ആറ് ബൗണ്ടറികളുള്‍പ്പടെ 42 റണ്‍സാണ് കൗര്‍ എടുത്തത്.


പാക്കിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഏഷ്യ കപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്മൃതി മന്ഥാനയുടെ (2) വിക്കറ്റ് പോയത് ഇന്ത്യയെ തെല്ലൊന്നു ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. മിത്താലി രാജ് (15), മോന മേശ്രാം(14), ദീപ്തി ശര്‍മ്മ(32), പൂജ വസ്ട്രാക്കര്‍(20) എന്നി൮വര്‍ ഇന്ത്യക്ക് വേണ്ടി പൊരുതി. അനുജ പാട്ടില്‍,താനിയ ഭാട്ടിയ എന്നിവര്‍ ഓരോ റണ്‍സെടുത്ത് പുറത്തായി.


ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റാണ് മത്സരത്തിലെ വഴിത്തിരിവായത്. കൗറിന്റെ വിക്കറ്റിന് പുറമെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത് റുമാന അഹമ്മദാണ്. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്നു വിക്കറ്റാണ് റുമാന നേടിയത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ സല്‍‍മ ഖാത്തുന്‍ ഒരു വിക്കറ്റും നേടി.
ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ആറോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്ട് ബംഗ്ലാദേശ്.



Sharing is Caring