‘ഇനി റഷ്യന്‍ എണ്ണ വേണ്ട’, ഇറക്കുമതി നിരോധിച്ച് ബൈഡന്‍

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പഞ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യു.എസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ ഇനി അടുപ്പിക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കനത്ത പ്രഹരം ഏല്‍പ്പിക്കുകയാണ് യു.എസ് ലക്ഷ്യം.

സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തിയാണ് ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉപരോധങ്ങളാണ് തങ്ങല്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബൈഡന്‍ പറഞ്ഞു. ഇത് റഷ്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നാശമുണ്ടാക്കും. എന്നാല്‍ എല്ലാ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. യു.എസ് തീരുമാനവുമായി മുന്നോട്ട് പോകുമെന്നും, ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.റഷ്യന്‍ എണ്ണയുടെ എല്ലാ ഇറക്കുമതിയും ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി യു.കെ സര്‍ക്കാരും അറിയിച്ചിരുന്നു. ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി യു.എസിനോടും പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോടും ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. നിരവധി ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഊര്‍ജ കയറ്റുമതി റഷ്യയ്ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണ ഇറക്കുമതിയിലും രാജ്യങ്ങള്‍ വിലക്ക് കൊണ്ടുവരുന്നത്.

യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലേക്ക് വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യു.എസിലേക്ക് മാത്രം പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *