ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി


തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നാണ് പരാതി. ചട്ടങ്ങൾ‌ അട്ടിമറിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.


ക്രമക്കേടിനൊപ്പം അഴിമതിയും നടക്കുന്നു.ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് പട്ടികയിൽ ഒന്നാം റാങ്ക്.


രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും ചീഫ് നഴ്സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉണ്ട്.27 പേരുടെ ആദ്യ റാങ്ക് പട്ടികയിൽ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആർസിസിയിൽ നിയമിച്ചത്. ചീഫ് നഴ്സിംഗ് ഓഫീസറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.

നിലവിലെ നിയമനങ്ങൾ റദ്ദ് ചെയ്ത് പരീക്ഷാ നടപടികൾ പുതുതായി നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഉ​ദ്യോ​ഗാർഥികളിൽ ചിലരും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.



Sharing is Caring