ആവശ്യം മാനുഷിക പരിഗണന; തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാര്‍വതി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നും പാര്‍വതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

“കോവിഡിന്റെ രണ്ടാം വരവാണ്. തൃശൂര്‍ പൂരം നമുക്ക് വേണ്ടെന്ന് വയ്ക്കാം. ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്,” പാര്‍വതി കുറിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കെ.ജി.ശങ്കരപ്പിള്ള, വൈശാഖന്‍, കല്പറ്റ നാരായണന്‍, കെ.വേണു എന്നിവരടക്കമുള്ളവര്‍ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.

“പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്‌സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം,” പ്രസ്താവനയില്‍ പറയുന്നു.

“നിയന്ത്രണങ്ങളോ, സാമൂഹ്യ അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പൊലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും.”

“വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കുകയെന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ” പ്രസ്താവനയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *