ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. വൈഎംസിഎ കവിത ഐടിസിക്ക് സമീപം സബര്‍മതി റോഡിലാണ് സംഭവം.കവിത ഐടിസി ഉടമ കവിത നിവാസില്‍ സംഗീത് ചക്രപാണിയുടെ വീടിനാണു തീപിടിച്ചത്. വീടിന്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. റഫ്രിജറേറ്റര്‍, മിക്‌സി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും പാത്രങ്ങള്‍ എന്നിവ ഭാഗികമായും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് 5.50നാണ് സംഭവം. ഐടിഐയിലെ ജീവനക്കാരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് വാഹനം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും റോഡിന് വീതി കുറവായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്നു. സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ തീ നിയന്ത്രണ വിധേയമായിരുന്നു. കത്തിക്കരിഞ്ഞ റഫ്രിജറേറ്ററിനു സമീപത്ത് ഇരുന്ന ഗ്യാസ് സിലിണ്ടര്‍ സേനാംഗങ്ങള്‍ പുറത്തെത്തിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസര്‍ എം.എൻ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എസ്.സനല്‍ കുമാര്‍, എ.ജെ.ബഞ്ചമിൻ, എച്ച്.പ്രശാന്ത്, സി.കെ.സജേഷ്, പി.പി.പ്രശാന്ത് ഹാഷിം, ഡാനി ജോര്‍ജ്, ടി.ടി.സന്തോഷ്, ഹോം ഗാര്‍ഡ് ലൈജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീപിടിത്തമുണ്ടായ വീടിനു 200 മീറ്റര്‍ അകലെ വൈഎംസിഎശവക്കോട്ട പാലം റോഡിന് അരികില്‍ നിന്നിരുന്ന പാഴ്മരത്തിലും ഇടിമിന്നലേറ്റു. മരം വിണ്ടുകീറി അപകടകരമായ അവസ്ഥയിലാണ്.













