ആര്‍ സി ബി വിക്ടറി പരേഡ് ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ചു


ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതിന് പിറകെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനം രാജിവെച്ചു. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ ശങ്കറും ട്രഷറര്‍ ഇ എസ് ജയറാമും രാജിവെച്ചിരിക്കുന്നത്.


ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആര്‍സിബി ട്രോഫി നേടിയിരുന്നു.ഇതിന്റെ ആഘോഷ പരേഡിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവില്‍ ടീമിന്റെ കന്നി ഐപിഎല്‍ കിരീടാഘോഷം ദാരുണമായ വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാല് പേരില്‍ ഫ്രാഞ്ചൈസിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെയും ഉള്‍പ്പെടുന്നു.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളില്‍ ഞങ്ങളുടെ പങ്ക് വളരെ പരിമിതമാണെങ്കിലും, ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികള്‍ രാജിവെക്കുകയാണെന്ന് എ ശങ്കറും ഇ എസ് ജയറാമും അറിയിച്ചു. രാജിക്കത്ത് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന് അയച്ച് നല്‍കിയതായും ഇരുവരും ഒരു പ്രസ്താവനയില്‍ പറഞ്ഞു



Sharing is Caring