തിരുവനന്തപുരം: മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്തിന്റെ വധഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലവിളിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റ്

മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.
പിണറായിയുടെ തല കൊയ്താല്‍ തന്റെ സ്വത്തു വിറ്റിട്ടാണെങ്കിലും ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു ചന്ദ്രാവത്തിന്റെ പ്രസംഗം.
ആര്‍.എസ്.എസ് നേതാവിന്റെ കൊലവിളിക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രാവത്തിനെതിരേ കേസെടുക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.
അതേസമയം, ചന്ദ്രാവത്തിന്റെ പ്രസ്താവന ആര്‍.എസ്.എസിന്റെ നിലപാടല്ലെന്ന് നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.













