ദില്ലി: ആര്‍ബിഐയും കേന്ദ്രധനമന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. റിസര്‍വ് ബാങ്കിന്‍റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബാങ്കിന്‍റെ സ്വതന്ത്രാധികാരത്തില്‍ നേരിട്ട് കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ധനമന്ത്രാലയം ഉപയോഗിച്ചതാണ് ഭിന്നത രൂക്ഷമാക്കിയത്.
ചരിത്രത്തിലാദ്യമായാണ് റിസര്‍വ് ബാങ്കിന്‍റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ഇതില്‍ പ്രതിഷേധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി നല്‍കിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജനതാത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും. ഇതനുസരിച്ച് മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് കത്തുകള്‍ റിസര്‍വ് ബാങ്കിന് ധനകാര്യമന്ത്രാലയം ഇന്നലെ കൈമാറി.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. തര്‍ക്കത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്.













