‘ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ല, പ്രധാനപ്രതി മുന്‍ കോണ്‍ഗ്രസുകാരന്‍’; സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് രാഷ്ട്രീയ കൊലപാതകമല്ല. കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ട്. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുളള പ്രതിക്ക് കൊല്ലപ്പെട്ടയാള്‍ക്കുളള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലയാളി സംഘത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരാണുളളത്.പ്രതികളിലൊരാള്‍ ബിഎംഎസ് പ്രവര്‍ത്തകന്റെയും ഐഎന്‍ടിയുസി പ്രവര്‍ത്തകന്റെയും മക്കള്‍.മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെമ്പാടും അക്രമം അഴിച്ചുവിടാനാണ് ബിജെപി ശ്രമം. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ അണികളെ അഴിച്ചുവിട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ബിജെപി അക്രമം അഴിച്ചുവിടുകയാണ്.പന്തളത്തും പാര്‍ട്ടി ഓഫീസ് തകര്‍ത്ത് പ്രകോപനം സൃഷ്ടിച്ചു.പ്രാദേശിക സംഭവത്തെ വലുതാക്കാനുളള ബിജെപി ശ്രമമാണ് ഇന്നത്തെ ബിജെപി ഹര്‍ത്താല്‍. ബിജെപിയുടേത് രാഷ്ട്രീയ ലക്ഷ്യം.ചെന്നിത്തലയുടെ നിരാഹാരം ഹര്‍ത്താലായതുകൊണ്ട്‌ ഭക്ഷണം ലഭിക്കാനിടയില്ലാത്തതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.


ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെ ആറുപേരെയാണ് പൊലീസ് പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ഇവരടക്കം ആറുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു


ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ശ്രീകാര്യം പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷ സാധ്യത പരിഗണിച്ച് തിരുവനന്തപുരം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകാര്യത്ത് സിറ്റിപൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



Sharing is Caring