ആഭ്യന്തരവ്യോമഗതാഗതം ഇന്ന് മുതല്‍ തുടങ്ങും ; യാത്രകളെല്ലാം കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. അതേസമയം ഇന്നു മുതല്‍ തുടങ്ങുന്ന ആഭ്യന്തരസര്‍വീസില്‍ കോവിഡ് ലക്ഷണം കാണിക്കാത്ത ആള്‍ക്കാര്‍ക്ക് ആയിരിക്കും യാത്രാ അനുമതി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിരീക്ഷണം തുടരുകയും ചെയ്യുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.

യാത്രയ്ക്ക് ശേഷം കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവര്‍ ജില്ലാ/സംസ്ഥാന/ദേശീയ ആരോഗ്യവിഭാഗത്തെ അറിയിക്കുകയും വേണം. വിമാന/ട്രെയിന്‍/അന്തര്‍ സംസ്ഥാന ബസ് തുടങ്ങി ആഭ്യന്തരയാത്രകള്‍ക്ക് ഏത് മാര്‍ഗ്ഗം ഉപയോഗിച്ചാലും അത് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം കര്‍ശനമാണ്.

ഇന്ത്യയിലേക്ക് ഇറങ്ങുന്നതിന് മുമ്ബ് തന്നെ അവര്‍ക്ക് 14 മുതല്‍ ഏഴു ദിവസം വരെ നിര്‍ബ്ബന്ധിത ക്വാറന്റൈനാണ്. ഏഴു ദിവസം സ്വന്തം ചെലവില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. മറ്റു രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മരണവുമായി ബന്ധപ്പെട്ടവര്‍, ഗുരുതരമായ രോഗമുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒപ്പമുളളവര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ എന്നിവര്‍ക്കാണ് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍. ഇവര്‍ ആരോഗ്യസേതു ആപ്പും നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ട്.

ക്വാറന്റൈന്‍ കാര്യത്തില്‍ പൊതു മാര്‍ഗ്ഗ നിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലൂം ഐസൊലേഷന്‍ കാര്യങ്ങളില്‍ സംസ്ഥാനത്തിന് തീരുമാനം കൊണ്ടുവരാനുള്ള അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്. ട്രെയിനിലും വിമാനത്തിലും ബസിലും യാത്ര ചെയ്യുന്നതിന് മുമ്ബായി വ്യക്തിപരമായി തന്നെ പരിശോധനകള്‍ക്കും വിധേയമാകേണ്ടി വരും. യാത്രക്കാരോട് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോളമായി കോവിഡ്ബാധ 55 ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. മരണം മൂന്നരലക്ഷത്തിലേക്കും കടക്കുമ്ബോള്‍ ഇന്ത്യയില്‍ 1,31,868 ആളുകളിലാണ് രോഗം ബാധിച്ചത്. മരണം 3,867 ആയി. ഇതില്‍ 54,441 ആളുകള്‍ രോഗമുക്തി നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *