ആട് വില്‍പനയെ തുടര്‍ന്നുണ്ടായ തര്‍ക്കം, ഇറച്ചി വ്യാപാരിയെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയില്‍


കൊല്ലം: ആടിനെ വില്‍പ്പന നടത്തിയ തുകയെപ്പറ്റിയുള്ള തര്‍ക്കത്തില്‍ പത്തനാപുരം പാടത്ത് കൊലപാതകം. പ്രതി കസ്റ്റഡിയില്‍. ഇറച്ചി വ്യാപാരിയായ പാടം വാണിയന്‍പാറ കിഴക്കേതില്‍ സഹീര്‍(49) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാടം ഷാനവാസ് മന്‍സിലില്‍ ഷാനവാസിനെ(35) കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.


സഹീര്‍ ഷാനവാസിന്റെ പക്കല്‍ നിന്നും ആടിനെ വിലയ്ക്ക് വാങ്ങിയിരുന്നു. 5500 രൂപ വിലപറഞ്ഞാണ് വാങ്ങിയത്. ഇതില്‍ 1500 രൂപ ബാക്കി നല്‍കാനുണ്ടായിരുന്നു. തുക വാങ്ങാനായി ഷാനവാസ് സഹീറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമായി.


പിടിവലിക്കിടെ സഹീര്‍ താഴെ വീണു. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ചതിനെ തുടര്‍ന്ന് തല പൊട്ടി. ഉടന്‍തന്നെ ബന്ധുക്കള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.



Sharing is Caring