അസൂറികളെ വിറപ്പിച്ച് ഓസ്ട്രിയ; എക്‌സ്ട്രാ ടൈമില്‍ ജീവന്‍ നേടി ഇറ്റലി ക്വാര്‍ട്ടറില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഓസ്ട്രിയന്‍ പോരാട്ടവീര്യം മറികടന്ന് ഇറ്റലി ക്വാര്‍ട്ടറിലേക്ക്. ഇന്നലെ രാത്രി വെംബ്ലിയല്‍ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പൊരുതിക്കളിച്ച ഓസ്ട്രിയയെ ഏറെ വിയര്‍പ്പൊഴുക്കി എക്‌സ്ട്രാ ടൈമില്‍ പിടിച്ചുകെട്ടിയാണ് അസൂറിപ്പട അവസാന എട്ടിലേക്ക് മുന്നേറിയത്.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുനന്നു അവരുടെ ജയം. തോറ്റെങ്കിലും ആരാധകരു െമനംകവര്‍ന്ന് അവസാന സെക്കന്‍ഡ് വരെ പൊരുതിയാണ് ഓസ്ട്രിയ മടങ്ങുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായ ഇറ്റലിയെ 120 മിനിറ്റും വിറപ്പിച്ചു നിര്‍ത്താന്‍ അവര്‍ക്കായി.

പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഈസി വാക്കോവര്‍ പ്രതീക്ഷവരെ അമ്പരിപ്പിച്ച പ്രകടനമാണ് ഓസ്ട്രിയ പുറത്തെടുത്തത്. പേരുകേട്ട ഇറ്റാലിയന്‍ നിരയുടെ ആക്രമണങ്ങളെ ആദ്യമിനിറ്റു മുതല്‍ സമര്‍ഥമായി പ്രതിരോധിച്ച ഓസ്ട്രിയ തരം കിട്ടുമ്പോഴെല്ലാം വിഖ്യാത ഇറ്റാലിയന്‍ പ്രതിരോധത്തിന് തലവദേന സൃഷ്ടിക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യ 45 മിനിറ്റില്‍ ഓസ്ട്രിയന്‍ ബോക്‌സില്‍ പന്തെത്തിക്കാന്‍ തന്നെ ഇറ്റാലിയന്‍ നിര ഏറെ വിയര്‍പ്പൊഴുക്കി. എങ്കിലും മത്സരത്തില്‍ ആധിപത്യം ഇറ്റലിക്കു തന്നെയായിരുനന്നു. അവസസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഓസ്ട്രിയന്‍ പ്രതിരോധത്തെ മറികടന്ന് ഗോള്‍കീപ്പര്‍ ഡാനിയല്‍ ബാച്ച്മാനെ പരീക്ഷിക്കാന്‍ അവര്‍ക്കായില്ല.

നിര്‍ഭാഗ്യവും അസൂറികള്‍ക്കു വിനയായി. 32-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ സിറോ ഇമ്മൊബൈലിന്റെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ ആദ്യപകുതി ഗോള്‍ രഹിതമായി. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ചതു തന്നെ ഓസ്ട്രിയന്‍ മുന്നേറ്റത്തോടെയാണ്.

52-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുന്നതിനു തൊട്ടടുത്ത് എത്തുകയും ചെയ്തു. എന്നാല്‍ നായകന്‍ ഡേവിഡ് അലാബയുടെ ഉഗ്രന്‍ ഫ്രീകിക്ക് പോസ്റ്റിനെ ചുംബിച്ച് പുറത്തേക്കാണു പാഞ്ഞത്. തുടര്‍ന്നും ആക്രമിച്ചു കളിച്ച അവര്‍ 64-ാം മിനിറ്റില്‍ ഇറ്റാലിയന്‍ വലയില്‍ പന്തെത്തിക്കുകയും ചെയ്തു.

എന്നാല്‍ വാര്‍ അവര്‍ക്ക് ഒപ്പം നിന്നില്ല. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടിയ മാര്‍ക്കോ അര്‍ണാടോവിച്ച് ഓഫ് സൈഡ് ആയിരുന്നുവെന്ന് വാര്‍ വിധിയെഴുതി. പ്രതീക്ഷിച്ചപോലെ കളി വരുതിയിലാകുന്നില്ലെനന്നു കണ്ട ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനി പിന്നീട് നടത്തിയ സബ്‌സ്റ്റിറ്റിയൂഷനുകളാണ് ഇറ്റലിക്ക് തുണയായത്.

മധ്യനിരയില്‍ മാര്‍ക്കോ വെരാറ്റിയെയും നിക്കോള ബാരെല്ലെയും പിന്‍വലിച്ച മാന്‍സിനി മാനുവല്‍ ലോക്കാട്ടെല്ലി, മാറ്റിയോ പെസിന എന്നിവരെ ഇറക്കി. തുടര്‍ന്നും നയന്ത്രണം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ സ്‌ട്രൈക്കര്‍മാരായ ഡൊമിനിക്കോ ബെറാര്‍ഡിയെയും ഇമ്മൊബൈലിനെയും പിന്‍വലിച്ചു ഫെഡ്രിക്കോ ചിയേസയെയും ആന്ദ്രെ ബെലോറ്റിയെയും പരീക്ഷിച്ചു. ഇതു നിര്‍ണായകമാകുകയും ചെയ്തു.

രണ്ടാം പകുതിയും ഗോള്‍രഹിതമായി അവസാനിച്ചതോടെ അധികസമയത്തേക്കു നീണ്ട മത്സരത്തില്‍ ക്ഷീണമില്ലാത്ത കാലുകള്‍ ഇറ്റലിക്കു തുണയായി. ചിയേസയായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. അധിക സമയത്തിന്റെ തുടക്കത്തില്‍ തന്നെ ചിയേസ ഓസ്ട്രിയന്‍ ഗോള്‍കീപ്പറെ പരീക്ഷിച്ചു. എന്നാല്‍ ഫലം കണ്ടില്ല. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ താരം ലക്ഷ്യം കണ്ടു.

94-ാം മിനിറ്റില്‍ സ്പിനസോളയുടെ പാസ് തലകൊണ്ട് നിയന്ത്രിച്ച് തന്റെ ഇടം കാലു കൊണ്ട് സുന്ദരമായി വലയില്‍ എത്തിക്കുക ആയിരുന്നു. ലീഡ് നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇറ്റലി പിന്നീട് ആക്രമിച്ചു കളിച്ചു. 10 മിനിറ്റിനകം അവര്‍ രണ്ടാം ഗോളും നേടി മത്സരം ഉറപ്പിച്ചു. ഇത്തവണ വലകുലുക്കിയത് മറ്റൊരു പകരക്കാരന്‍ പെസിനയായിരുന്നു. അതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു പെസിന സ്‌കോര്‍ ചെയ്തത്.

എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ രണ്ടു ഗോള്‍ ലീഡുമായി കയറിയ ഇറ്റലിയെ പക്ഷേ അങ്ങനെ വിടാന്‍ ഓസ്ട്രിയ ഒരുക്കമായിരുന്നില്ല. രണ്ടാം പകുതിയില്‍ അവര്‍ വീണ്ടും ഭീഷണി ഉയര്‍ത്തി. 106-ാം മിനിറ്റില്‍ തന്നെ ഇറ്റലിയെ വിറപ്പിച്ചാണ് അവര്‍ രണ്ടാം പകുതി ആരംഭിച്ചത്. എന്നാല്‍ ഗോള്‍കീപ്പര്‍ ഡൊണ്ണാരുമ്മയുടെ തകര്‍പ്പന്‍ സേവ് ഇറ്റലിയുടെ രക്ഷയ്‌ക്കെത്തി.

108-ാം മിനിറ്റിലും 111-ാം മിനിറ്റിലും ഇറ്റാലിയന്‍ പ്രതിരോധത്തെ ഞെട്ടിച്ച അവര്‍ 114-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ലൂയിസ് ഷ്വാബ് എടുത്ത കോര്‍ണറില്‍ നിന്ന് സാസാ ക്ലായിഡിച്ചാണ് സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ മടക്കിയതോടെ സമനിലയ്ക്കായി ശേഷിച്ച അഞ്ചുമിനിറ്റും മരണക്കളി കളിച്ച ഓസ്ട്രിയ ഇറ്റലിയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കി. എങ്കിലും കീഴടങ്ങാതെ പിടിച്ചു നിന്ന അസൂറികള്‍ക്കു മുന്നില്‍ ഓസ്ട്രിയ ഒടുവില്‍ പൊരുതി വീണു.

ഇറ്റലിയുടെ തുടര്‍ച്ചയായ 31-ാം അപരാജിത മുന്നേറ്റമാണിത്. തോല്‍വിയറിയാതെ മുന്നേറിയതില്‍ അവര്‍ ദേശീയ റെക്കോഡും സ്വന്തമാക്കി. ഇന്നു നടക്കുന്ന ബെല്‍ജിയം-പോര്‍ചുഗല്‍ മത്സരത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ എതിരാളികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *