അഴിമതിക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇന്നുരാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ നിയമസഭയില്‍ കണ്ടാണ് വി.എസും കമ്മീഷന്‍ അംഗങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മാതൃകയില്‍ കേരളത്തിലും മൂന്നംഗങ്ങളുള്ള ഒരു വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ ആദ്യ ശുപാര്‍ശ. ഇതിന് പുറമേ വിജിലന്‍സ് ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ളതോ വിരമിച്ചതോ ആയ ന്യായാധിപനെ സംസ്ഥാന വിജിലന്‍സ് കമ്മീഷണറായി നിയമിക്കണം. ചീഫ് സെക്രട്ടറിയായി ഭരണപരിചയമുള്ളയാളും കുറ്റാന്വേഷണ രംഗത്ത് ഡി.ജി.പി/ എ.ഡി.ജി.പി പദവിയില്‍ ഇരുന്നയാളുമാകണം കമ്മീഷനില്‍ അംഗമായുള്ള മറ്റ് രണ്ടുപേര്‍. കമ്മീഷനെ സഹായിക്കാന്‍ ഐ.ജി തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിയമോപദേശത്തിന് സ്‌പെഷ്യല്‍ അറ്റോര്‍ണി പദവിയിലുള്ള ഉദ്യോഗസ്ഥനും വേണം.

നിലവിലെ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ നിര്‍ദ്ദിഷ്ട വിജിലന്‍സ് പൊലീസ് സംവിധാനമായി മാറണം. സിബിഐ പോലെ സ്വതന്ത്ര അധികാരവും സംരക്ഷണവും വേണം. അഴിമതിക്കാര്‍ എത്ര ഉന്നതരായാലും കടുത്ത ശിക്ഷ ഉറപ്പാക്കണം. സത്യസന്ധരെ കള്ളക്കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ കള്ളപരാതിക്കാരെ ശിക്ഷിക്കുന്നതടക്കം നടപടിയുണ്ടാകണം. അഴിമതിക്കേസന്വേഷണത്തിലെ നടപടിക്രമങ്ങളില്‍ സമഗ്രമായ മാറ്റം വേണം.













