അറ്റാഷെയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന; സന്ദര്‍ശക രജിസ്‌ടര്‍ പരിശോധിച്ചു


യു.എ.ഇ അറ്റാഷെയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്‌ടര്‍ ഉള്‍പ്പെടെ കസ്റ്റംസ് പരിശോധിച്ചു. തിരുവനന്തപുരം പാറ്റൂരിലാണ് അറ്റാഷെ താമസിച്ചിരുന്ന ഫ്ളാറ്റ്. സ്വര്‍ണക്കടത്ത്‌ കേസന്വേഷിക്കുന്ന എന്‍.ഐ.എ സംഘം അറ്റാഷെ താമസിക്കുന്ന ഫ്‌ളാറ്റില്‍ രഹസ്യ പരിശോധന നടത്തിയിരുന്നു.


മുറിപൂട്ടിയിരിക്കുന്നതിനാല്‍ അകത്തേക്ക്‌ പ്രവേശിക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുരക്ഷാ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം. ഫ്‌ളാറ്റിന്റെയും വാഹനങ്ങളുടെയും ചിത്രങ്ങള്‍ എടുക്കുന്നുണ്ട്. സ്വപ്‌നയും സരിത്തും പലവട്ടം ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അറ്റാഷെ നടത്തിയ ആഘോഷ പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്‌. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.


അറ്റാഷെ ഉള്‍പ്പെടെ‌ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ നാല്‌ യു.എ.ഇ പൗരന്മാര്‍ ഇവിടെയാണ്‌ താമസിച്ചിരുന്നത്‌. മൂന്ന്‌ മാസം മുമ്ബ്‌ കോണ്‍സുലേറ്റ് ജനറലും ഇവിടെ താമസിക്കുന്ന മൂന്ന്‌ പേരും യു.എ.ഇയിലേക്ക്‌ തിരിച്ചുപോയി. എന്നാല്‍, അറ്റാഷെ ഇവിടെ തങ്ങി. ഇയാളുടെ പേരിലാണ്‌ സ്വര്‍ണം ഒളിപ്പിച്ച നയതന്ത്രബാഗേജ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്‌. സ്വര്‍ണം പിടിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ അറ്റാഷെ ഇന്ത്യവിട്ടത്‌. ഇയാളെ യു.എ.ഇയിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. നിലവില്‍ ഒരു യു.എ.ഇ പൗരന്‍ മാത്രമാണ്‌ തലസ്ഥാനത്ത്‌ ശേഷിക്കുന്നത്‌.



Sharing is Caring