അറസ്റ്റ് വാറണ്ടുകള്‍ പിന്‍വലിക്കണമെന്ന് കാട്ടി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി


തനിക്കെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകള്‍ പിന്‍വലിക്കണമെന്ന് കാട്ടി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദിലെ വിചാരണക്കോടതി ഇന്നലെ തള്ളി.


ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ബുധനാഴ്ച വിസമ്മതിച്ചിരുന്നു. അതേ സമയം, ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ഓപ്പറേഷന്‍ ഇന്നുകൂടി നിറുത്തിവയ്ക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്നലെ രാവിലെ 10 വരെയായിരുന്നു അറസ്റ്റ് തടഞ്ഞ് കൊണ്ട് ഉത്തരവിട്ടിരുന്നത്. ഇത് ഇന്നത്തേക്ക് കൂടി നീട്ടിയെന്ന് പി.ടി.ഐ നേതാവ് ഫവദ് ചൗധരി അറിയിച്ചു.


ഞായറാഴ്ച മിനാര്‍ ഇ പാകിസ്ഥാനില്‍ നടത്താനിരുന്ന പി.ടി.ഐ റാലിക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അതിനിടെ, ലാഹോറില്‍ സമന്‍ പാര്‍ക്കിലുള്ള ഇമ്രാന്റെ വസതിക്ക് മുന്നില്‍ ഇന്നലെയും പൊലീസിന്റെയും പി.ടി.ഐ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. വസതിയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഇമ്രാന്‍ അനുകൂലികള്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ സ്ഥാപിച്ചിരുന്നു.

വസതിയിലേക്കുള്ള റോഡുകളില്‍ ഇമ്രാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ഇവര്‍ നിലയുറപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കലാപാഘ്വാനം നല്‍കിയെന്ന പേരില്‍ ഇമ്രാനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇമ്രാന്റെ വസതിക്കുമുന്നില്‍ അനുകൂലികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്ലാമാബാദ് ഡി.ഐ.ജി അടക്കം 63 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.



Sharing is Caring