അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ്; ശക്തമായ മഴക്ക് സാധ്യത


തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’ ചുഴലിക്കാറ്റ് അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണെന്നും കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.


ക്യാര്‍ അടുത്ത 12 മണിക്കൂറില്‍ അതിശക്തമായ ചുഴലിക്കാറ്റാ‍യി മാറുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്‌ തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പ് നല്‍കി.


അതിശക്തമായ മഴയുണ്ടാകുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.



Sharing is Caring