അര്‍ജന്റീനയുടെ വിജയം; ആഘോഷങ്ങള്‍ക്കിടയില്‍ മറഡോണ തളര്‍ന്നുവീണു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫിഫ വേള്‍ഡ് കപ്പിലെ കഴിഞ്ഞ ദിവസത്തെ വിജയം അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ വിജയാഘോഷങ്ങള്‍ നീളുമ്പോള്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കി.

നേരത്തെ രണ്ട് കളികളിലും നിരാശ ആയിരുന്നു ടീമിന് നേരിട്ടത്. അതുകൊണ്ട് തന്നെ ഇന്നലെ അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ വികാരഭരിതനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കു വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹം സ്റ്റേഡിയത്തില്‍നിന്ന് തന്റെ ഹോട്ടലിലേക്ക് മടങ്ങി.മയക്കുമരുന്നിന് അടിമയായ മറഡോണയുടെ ആരോഗ്യനില നേരത്തെതന്നെ മോശമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2007ല്‍ അദ്ദേഹം കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സ തേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *