തിരുവനന്തപുരം: അരുവിക്കരയിലെ വോട്ടര്‍മ്മാരുടെ മനസ്സളന്ന് സമാഹരിച്ച കണക്കുകള്‍ യുഡുഎഫിനും എല്‍ഡിഎഫിനും നല്‍കും എന്നത് ആത്മ വിശ്വാസം. എന്നാല്‍ അരുവിക്കര എല്‍ ഡി എഫിനൊപ്പമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം.
അരുവിക്കരയില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ ഇപ്‌സോസ് അഭിപ്രായ സര്‍വ്വെ പറയുന്നു. വോട്ട് വിഹിതത്തില്‍ സി പി ഐഎമ്മിനെക്കാള്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമുണ്ടെങ്കിലും ജനപിന്തുണയില്‍ ശബരിയെക്കാള്‍ മുന്നില്‍ വിജയകുമാറാണ്. ബി ജെ പി മണ്ഡലത്തില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കില്ലെന്നും സര്‍വ്വെ പറയുന്നു.

ഈ മാസം 21, 22 ദിവസങ്ങളില്‍ അരുവിക്കരയിലെ 14 പോളിങ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വെ പ്രകാരം വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. 40 ശതമാനം വോട്ടുവിഹിതം കോണ്‍ഗ്രസിനുള്ളപ്പോള്‍ 39 ശതമാനം വോട്ടുവിഹിതമാണ് സി പി ഐ എമ്മിന്. കോണ്‍ഗ്രസിനെക്കാള്‍ ഒരു ശതമാനം കുറവ്.
അരുവിക്കരയില്‍ ബി ജെ പിയ്ക്ക് വെറും 20 ശതമാനം വോട്ടുവിഹിതമാണ് സര്‍വ്വെ പ്രവചിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയതിനെക്കാള്‍ ഒമ്പത് ശതമാനം വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞേക്കും.
അരുവിക്കരയിലെ 500 പേരില്‍ നടത്തിയ അഭിമുഖത്തില്‍ 44 ശതമാനവും വിജയകുമാറിനെ പിന്തുണയ്ക്കുന്നു. ശബരീനാഥനുള്ള പിന്തുണ 30 ശതമാനം മാത്രമാണ്. അരുവിക്കരയില്‍ വിജയകുമാറും ശബരീനാഥനും തമ്മിലാകും മത്സരമെന്നും ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ പിടിക്കുന്ന വോട്ടുകളും പോളിങ് ശതമാനവുമാകും ഇരു മുന്നണികളുടെയും ജയം നിര്‍ണയിക്കുകയെന്നും സര്‍വ്വെ പറയുന്നു.













