അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു


ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. മഞ്ചേരി സ്വദേശി കല്ലേരി പരേതനായ അബ്ദുള്ളയുടെ മകന്‍ ആദില്‍ (24) ആണ് മരിച്ചത്. കയത്തിന് മുകളിലുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വെള്ളച്ചാട്ടത്തിന്റെ കയത്തിലേക്ക് മുങ്ങിതാഴുകയായിരുന്നു.


സുഹൃത്തിനൊപ്പം അരിപ്പാറ വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും മീഞ്ചന്തയില്‍ നിന്നും എത്തിയ മുങ്ങല്‍ വിദഗ്ദരും ചേര്‍ന്ന്നടത്തിയ തിരച്ചിലിനൊടുവിലാണ് മൃദദേഹം കണ്ടെത്തിയത്. ഉച്ചക്ക് ശേഷം മലയോരത്ത് ശക്തമായ മഴ പെയ്തതോടെ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് തിരച്ചിലിനെ ദോഷകരമായി ബാധിച്ചു. വൈകീട്ട് ആറ് മണിയോട് കൂടിയാണ് മൃദദേഹം കണ്ടെടുത്തത്.


മാതാവ്: ഹസീന.സഹോദരങ്ങള്‍: ആശിര്‍, അനീഷ്. അരിപ്പാറ വെള്ളച്ചാട്ടത്തില്‍പെട്ട് ഇതുവരെയായി 22 പേരാണ് മരിച്ചത്.
ഇവിടെയെത്തുന്നവര്‍ അരിപ്പാറയിലെ അപകടക്കെണി മനസിലാക്കാതെയും സുരക്ഷാ ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.

സമീപ പ്രദേശങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും വെള്ളച്ചാട്ടം കാണാനായി എത്തുന്നവര്‍ അപകടത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് രക്ഷയാകുന്നത് ഇവിടുത്തെ നാട്ടുകാരാണ്. ഇവിടെയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കാന്‍ അടിയന്തിരമായ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Sharing is Caring