അയോധ്യയിലെ ധർമ്മ ധ്വജാരോഹണം ഇന്ന്:കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും


അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധർമ്മ ധ്വജാരോഹണം ഇന്നു നടക്കും. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.രാവിലെ 11.50 മണിക്കുശേഷം ആരംഭിക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി ധ്വജാരോഹണം നടത്തും.


ആർഎസ്‌എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ സംബന്ധിക്കും.ധ്വജാരോഹണത്തിന് മുന്നോടിയായി അയോധ്യയിലെ 12 ക്ഷേത്രങ്ങളില്‍ നിന്നുള്ള ശോഭായാത്ര രാമജന്മഭൂമി ക്ഷേത്രത്തില്‍ എത്തും. 11 മണിയോടെ പ്രധാനമന്ത്രിയും അയോധ്യയിലെത്തിച്ചേരും.11.58നും ഒരു മണിക്കും ഇടയിലാണ് ധ്വജാരോഹണച്ചടങ്ങുകള്‍ നടക്കുക. ധ്വജാരോഹണച്ചടങ്ങുകളുടെ ഭാഗമായി രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചുകഴിഞ്ഞു.


അതിഥികളെ വരവേല്‍ക്കാനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തില്‍ പതാക പാറിപ്പറക്കും. നിറം കാവി.പതാകയില്‍ ഓം, സൂര്യന്‍, മന്ദാരവും പാരിജാതവും ചേര്‍ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.സൂര്യന്‍ ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്.പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടത്തും.

ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കാണ് പ്രവേശനം. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ നടത്തിയത്. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



Sharing is Caring