അയല്‍ജില്ലകളിലേക്കു സര്‍വീസ് ഇന്നുമുതല്‍ ; കോവിഡ് മേഖലകളില്‍ സ്‌റ്റോപ്പ് ഇല്ല

തിരുവനന്തപുരം: അയല്‍ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍. ലോക്ക്ഡൗണിനു മുമ്ബുണ്ടായിരുന്ന ടിക്കറ്റ് നിരക്കാകും ഈടാക്കുക. കോവിഡ് നിയന്ത്രണമേഖലകളില്‍ സ്‌റ്റോപ്പ് ഉണ്ടാവില്ല.

സ്ഥിതി മെച്ചപ്പെട്ടശേഷമേ മറ്റു സംസ്ഥാനങ്ങളിലേക്കു സര്‍വീസുണ്ടാകൂ. ഇന്നലെ അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതനുസരിച്ച്‌ മിക്ക ജില്ലകളിലും ഒട്ടേറെ സ്വകാര്യ ബസുകള്‍ അയല്‍ജില്ലകളിലേക്കു സര്‍വീസ് നടത്തി. എന്നാല്‍, ഉത്തരവിലെ ആശയക്കുഴപ്പം മൂലം കെ.എസ്.ആര്‍.ടി.സി. അന്തര്‍ജില്ലാ സര്‍വീസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സിക്കൊപ്പം കൂടുതല്‍ സ്വകാര്യ ബസുകളും ഇന്നുമുതല്‍ സര്‍വീസ് നടത്തുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. എല്ലാ സീറ്റിലും യാത്രക്കാരാകാമെങ്കിലും നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. സ്വകാര്യവാഹനങ്ങളില്‍ സംസ്ഥാനം വിട്ടുള്ള യാത്രകള്‍ക്കു തുടര്‍ന്നും പാസ് നിര്‍ബന്ധമാണ്. ഡീസല്‍ സബ്‌സിഡി നല്‍കുകയോ നികുതിയിളവുകള്‍ തുടരുകയോ ചെയ്യാതെ സര്‍വീസ് തുടരുന്നത് അപ്രായോഗികമെന്നു സ്വകാര്യ ബസ് ഉടമകള്‍. 30 വരെ സ്വകാര്യ ബസുകള്‍ക്കു നികുതി ഒഴിവാക്കിയതിനാല്‍ അതുവരെ സര്‍വീസ് തുടരും.

ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയത്. പ്രതിമാസം 10,000 രൂപയാണു നികുതി. ഇളവ് കുറേക്കാലംകൂടി തുടരണം. അല്ലെങ്കില്‍ ഡീസല്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കണം. അല്ലാത്തപക്ഷം 30-നുശേഷം ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ബസ് ഉടമാസംഘടനകളുടെ യോഗം ഉടന്‍ ചേരും.

ഇളവുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കും. അനുകൂലനിലപാടല്ലെങ്കില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം സര്‍വീസ് നടത്താനാകില്ലെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ബി. സത്യന്‍ പറഞ്ഞു.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്‌ 9000 സ്വകാര്യ ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് 12,500 സ്വകാര്യ ബസുകളാണുള്ളത്. അതില്‍ 3500 ബസുകള്‍ നിലവില്‍ ഓടുന്നില്ല. ഓടുന്നവ നഷ്ടത്തിലുമാണ്. നഷ്ടത്തിലോടിയ കെ.എസ്.ആര്‍.ടി.സിക്കു ശമ്ബളം ഇനത്തില്‍ സര്‍ക്കാര്‍ 69 കോടി രൂപ നല്‍കി. സ്വകാര്യ ബസുകളുടെ നഷ്ടം കണ്ടില്ലെന്നു നടിച്ചതായി സത്യന്‍ ആരോപിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ ബാറ്റ കുറച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *