അമൃത്സര്‍ ട്രെയിന്‍ ദുരന്തം: ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ


പഞ്ചാബില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ.


പരിപാടി സംഘടിപ്പിച്ച സ്ഥലം റെയില്‍വെയുടെ പരിധിയില്‍പ്പെട്ടതല്ല. സംഘാടകര്‍ ചടങ്ങ് സംബന്ധിച്ച്‌ ഒരറിയിപ്പും നല്‍കിയിട്ടില്ലെന്നും വടക്കന്‍ റെയില്‍വെ അറിയിച്ചു. റെയില്‍വെയില്‍ നിന്ന് യാതൊരു തരത്തിലുള്ള അനുമതികളും ആര്‍ക്കും നല്‍കിയിട്ടില്ല. പരിപാടികരുടെ സംഘാടകരോ ഭരണാധികാരികളോ ഒരു വിവരവും തങ്ങളെ അറിയിക്കുകയും ചെയ്തിട്ടില്ല. അപകടം നടന്ന സമയം റെയില്‍വെ ലെവല്‍ ക്രോസിങ് അടച്ചിട്ടുണ്ടായിരുന്നുവെന്നും വടക്കന്‍ റെയില്‍വെ വാക്താവ് ദീപക് കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ ഇടിച്ചു കയറിയത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്‌സ്പ്രസാണ് അപകടത്തിന് കാരണമായത്. ഒട്ടേറെ പേര്‍ പാളത്തില്‍ നിന്ന് മൊബൈലുകളില്‍ ആഘോഷച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.


പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിന്‍ വന്നത് അറിയാത്തതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അഞ്ഞൂറിലധികം പേര്‍ പാളത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.



Sharing is Caring