ഡോ. മധു കെ.പാൽമണോളജി വിഭാഗം മേധാവി ആസ്റ്റർ മിംസ് കോഴിക്കോട്
ആസ്ത്മ അല്ലെങ്കിൽ സി.ഒ.പി.ഡി (COPD) പോലുള്ള ശ്വാസകോശ രോഗങ്ങളുമായി ജീവിക്കുന്നവർക്ക് ഇൻഹേലറുകൾ ജീവൻ രക്ഷാമരുന്നുകളാണ്. എന്നാൽ പലപ്പോഴും രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളി രണ്ട് തരം ഇൻഹേലറുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നതാണ്: ഒന്ന് ദിവസവും ഉപയോഗിക്കേണ്ട ‘പ്രിവെന്റർ’ (Maintenance) ഇൻഹേലറും, മറ്റൊന്ന് ശ്വാസംമുട്ട് വരുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ‘റിലീവർ’ (Reliever) ഇൻഹേലറും. ഈ രണ്ട് ഇൻഹേലറുകളുടെ ഉപയോഗം പലപ്പോഴും രോഗികളിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. ഇവിടെയാണ് MART (Maintenance And Reliever Therapy) എന്ന നൂതന ചികിത്സാരീതി പ്രസക്തമാകുന്നത്.എന്താണ് MART തെറാപ്പി?സാധാരണ ഗതിയിൽ ആസ്ത്മ രോഗികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലാത്തപ്പോഴും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാൻ ഒരു മരുന്നും, പെട്ടെന്ന് ശ്വാസംമുട്ടുമ്പോൾ ആശ്വാസം ലഭിക്കാൻ മറ്റൊരു മരുന്നും നൽകുകയാണ് പതിവ്. എന്നാൽ MART തെറാപ്പിയിൽ ഈ രണ്ട് കാര്യങ്ങളും ഒരൊറ്റ ഇൻഹേലർ കൊണ്ട് തന്നെ സാധ്യമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്നുകൾ ശ്വാസനാളത്തിലെ നീർവീക്കം കുറയ്ക്കുകയും അതോടൊപ്പം തന്നെ മിനിറ്റുകൾക്കുള്ളിൽ ശ്വസനം സുഗമമാക്കുകയും ചെയ്യുന്നു.പലരും റിലീവർ ഇൻഹേലറുകൾ (സാധാരണയായി നീല നിറത്തിലുള്ളത്) അമിതമായി ഉപയോഗിക്കാറുണ്ട്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും രോഗത്തിന്റെ യഥാർത്ഥ കാരണമായ നീർവീക്കത്തെ ചികിത്സിക്കുന്നില്ല. MART തെറാപ്പിയിലൂടെ ഓരോ തവണ ശ്വാസംമുട്ടിന് മരുന്ന് എടുക്കുമ്പോഴും, അതോടൊപ്പം രോഗം നിയന്ത്രിക്കാനുള്ള മരുന്നും (Inhaled Corticosteroids) ശ്വാസകോശത്തിൽ എത്തുന്നു എന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്.എന്തുകൊണ്ട് MART തെറാപ്പി കൂടുതൽ ഫലപ്രദമാകുന്നു?രണ്ട് വ്യത്യസ്ത ഇൻഹേലറുകൾ ഉപയോഗിക്കുന്നവരേക്കാൾ MART തെറാപ്പി പിന്തുടരുന്നവരിൽ ആസ്ത്മ അറ്റാക്കുകൾ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിന്റെ പ്രധാന കാരണം രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുമ്പോൾ തന്നെ അവർ രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിരോധിക്കാനുള്ള മരുന്നും അറിഞ്ഞോ അറിയാതെയോ ഉള്ളിലെത്തിക്കുന്നു എന്നതാണ്.പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനമോ അലർജിയോ കാരണം രോഗലക്ഷണങ്ങൾ കൂടുമ്പോൾ, രോഗി കൂടുതൽ തവണ ഇൻഹേലർ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ MART തെറാപ്പി സ്വീകരിക്കുന്നവർക്ക് അധികമായി ലഭിക്കുന്ന പ്രതിരോധ മരുന്ന് രോഗം വഷളാകുന്നത് തടയുന്നു. ഇത് ആശുപത്രി വാസം ഒഴിവാക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.രോഗികളുടെ പൊതുവായ ആശങ്കകൾപല രോഗികളും ചോദിക്കുന്ന ഒരു ചോദ്യമാണ്, “ഒരേ മരുന്ന് തന്നെ എപ്പോഴും ഉപയോഗിക്കുന്നത് ദോഷകരമാകുമോ?” എന്നത്. വാസ്തവത്തിൽ, MART തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകൾ വളരെ സുരക്ഷിതമാണ്. ലക്ഷണങ്ങൾ കുറയുമ്പോൾ ഇൻഹേലർ ഉപയോഗിക്കുന്നത് കുറയ്ക്കാനും രോഗിക്ക് സാധിക്കുന്നു.മറ്റൊരു ആശങ്ക ഇൻഹേലറുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചാണ്. ഗുളികകളേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ മരുന്ന് ഇൻഹേലറിലൂടെ ശരീരത്തിൽ എത്തുന്നുള്ളൂ. അതിനാൽ തന്നെ പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഇൻഹേലർ ഉപയോഗിച്ച ശേഷം വായ നന്നായി കഴുകുന്നത് വായ്പുണ്ണ് പോലുള്ള ചെറിയ പ്രശ്നങ്ങൾ പോലും ഒഴിവാക്കാൻ സഹായിക്കും.എപ്പോഴാണ് നിങ്ങൾ ഡോക്ടറെ കാണേണ്ടത്?നിങ്ങൾ നിലവിൽ നീല ഇൻഹേലർ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലല്ല എന്നാണ് അർത്ഥം. ഇത്തരം സാഹചര്യത്തിൽ MART തെറാപ്പി നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് ഡോക്ടറോട് ചോദിക്കാവുന്നതാണ്. എല്ലാവർക്കും ഒരേ ചികിത്സാരീതിയല്ല ഫലിക്കുന്നത് എന്നതിനാൽ, വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രം ഇൻഹേലറുകളിൽ മാറ്റം വരുത്തുക.കൃത്യമായ ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിലൂടെ ശ്വാസംമുട്ടില്ലാത്ത, സജീവമായ ഒരു ജീവിതം നയിക്കാൻ ഏവർക്കും സാധിക്കും. ‘സ്മാർട്ട്’ ആയ ചികിത്സയിലൂടെ ആസ്ത്മയെ നമുക്ക് കരുത്തോടെ നേരിടാം.














