അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; അച്ഛന്‍ മകളെ ജീവനോടെ ചുട്ടുകൊന്നു


അന്യജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പിതാവ് മകളെ ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ ഈ ദുരഭിമാനക്കൊല നടന്നിരിക്കുന്നത്. വീട് വിട്ടിറങ്ങിയ മകളെ പുറകിലൂടെ ചെന്ന് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.


ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഖണ്ഡ്വാ ജില്ലയിലെ ചെയിന്‍പൂര്‍ സര്‍ക്കാര്‍ ​​ഗ്രാമത്തിലാണ് സംഭവം. സുന്ദര്‍ ലാല്‍ യാദവ് എന്ന അമ്ബത്തിരണ്ടുകാരനായ പിതാവാണ് ലക്ഷ്മി ബായ് എന്ന തന്റെ മകളെ കത്തിച്ചു കൊന്നത്. ലക്ഷ്മിയുടെ സഹോദരന്‍ രാജേന്ദ്ര യാദവും കൊലയില്‍ പങ്കാളിയാണ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലലടച്ചു.


സ്വന്തം ജാതിയല്ലാത്ത യുവാവിനെ വിവാഹം കഴിക്കുന്നതില്‍ നിന്ന് ലക്ഷ്മിയെ വീട്ടുകാര്‍ ഒന്നടങ്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം വകവയ്ക്കാതെയാണ് ലക്ഷ്മി സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവിനൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ലക്ഷ്മിയെ പുറകില്‍ നിന്ന് വിളിച്ചു നിര്‍ത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പൊലീസില്‍ സംഭവം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.



Sharing is Caring