അന്താരാഷ്ട്ര നിലവാരത്തില്‍ മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി


സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാധ്യമ പ്രവര്‍ത്തകര്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സത്യസന്ധമായും നിര്‍ഭയമായും പത്രപ്രവര്‍ത്തനം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികാരമുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


നീതിയുടെയും ന്യായത്തിന്റെയും ഭാഗത്താണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. സര്‍ക്കാര്‍ എന്നും മാധ്യമങ്ങളോട് നീതിപൂര്‍വമാണ് പെരുമാറിയിട്ടുള്ളത്. നീതിന്യായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായുണ്ടായ ചില സംഭവങ്ങള്‍ ശരിയായില്ല. അന്നുമിന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാധ്യമങ്ങരുടെ ഭാഗത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമിയില്‍ മുഖ്യമന്ത്രി ഇലഞ്ഞിമരം നട്ടു. ഇന്ന് പന്ത്രണ്ട് മണിക്ക് അക്കാദമിയുടെ അങ്കണത്തിലാണ് ഇലഞ്ഞിമരം നട്ടത്. ഔഷധി ചെയര്‍മാന്‍ കെ.ആര്‍.വിശ്വംഭരനാണ് ഇലഞ്ഞിമരത്തൈ നല്‍കിയത്.



Sharing is Caring