അനധികൃത സ്വത്ത് സമ്പാദന പരാതി;പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ


മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചു. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ എന്നത് അന്വേഷിക്കാം. പക്ഷെ അത് അന്വേഷിക്കുന്നത് തദ്ദേശ വകുപ്പിലെ വിജിലൻസ് ആകണമെന്നും സർക്കാർ നിലപാടെടുത്തു. ഇതിൽ അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. ഈ നിലപാട് സർക്കാർ ഉടൻ ഹൈക്കോടതിയെ അറിയിക്കും.



Sharing is Caring