കോഴിക്കോട്: അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സകല ചട്ടങ്ങളും ലംഘിച്ച് വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്ത് നടപടി കര്‍ശനമാക്കിയത്.
കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പോസ്റ്റുകള്‍, റോഡുകള്‍ തുടങ്ങിയവയും മറ്റും പൊതുസ്ഥലങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൃത്തികേടാക്കുന്നവര്‍ക്കെതിരെയാണ് കര്‍ശനമായ നടപടി സ്വീകരിക്കുകയയെന്ന് കലക്ടര്‍ അറിയിച്ചു.ഇത്തരത്തിലുള്ള പോസ്റ്ററുകളും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് വന്ന് ഇവ നീക്കം ചെയ്യും. പക്ഷേ ഇതിനു ചെലവാകുന്ന തുക സ്ഥാനാഥികളില്‍ നിന്നും ഈടാക്കും. റോഡുകളില്‍ ടാറിംഗ് കേടുവരുന്ന രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ റീടാറിംഗിന് ആവശ്യമായ തുകയും ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടി വരും. ഇത് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിലാണ് ഉള്‍പ്പെടുക. ചെലവ് കൂടുന്നതോടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇത്തരത്തിലുള്ള അനധികൃത പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8086126966 എന്ന നമ്പറില്‍ സ്‌ക്വാഡിനെ വിവരം അറിയിക്കാം.
അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണയാണ് സെല്ലിന്റെ നോഡല്‍ ഓഫീസര്‍. താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കുന്നതും പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ 9447183930 (കോഴിക്കോട്), 9447134235 (കൊയിലാണ്ടി), 9447045361 (വടകര), 9895889383 (താമരശ്ശേരി) എന്നീ നമ്പറുകളില്‍ സ്‌ക്വാഡിനെ വിവരമിയിക്കാം.
പ്രചാരണപ്രവര്‍ത്തനങ്ങള്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് ജില്ലയില്‍ രൂപവത്കരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സെല്ലില്‍ ഇതിനകം 21 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പൊതുസ്ഥലത്തെ ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ നശിപ്പിക്കല്‍, പ്രചാരണത്തിനായി പൊതുസ്ഥലം കൈയേറല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കോഴിക്കോട്, വടകര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍നിന്ന് ലഭിച്ച പരാതികളില്‍ തീര്‍പ്പ് കല്‍പിച്ചതായി കലക്ടര്‍ പറഞ്ഞു. പരാതികളെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.













