കരീബിയന്‍ ദീപുകളിലും ക്യൂബയിലും വന്‍നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയില്‍. ദിവസങ്ങള്‍ക്കിടെ തീവ്രത അല്‍പ്പം കുറഞ്ഞ് കാറ്റഗറി നാല് വിഭാഗത്തില്‍പ്പെടുത്തിയ ഇര്‍മ തെക്കന്‍ ഫ്ളോറിഡയിലെത്തിയതായാണ് യുസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴയും ആരംഭിച്ചിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി ഫ്ളോറിഡയില്‍ നിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചു. സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നാണിത്. ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവരോട് തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഫ്ളോറിഡയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനകം നിരവധി പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് 260 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. ഫ്ളോറിഡയിലെത്തിയ ശേഷം ചുഴലിക്കാറ്റിന്റെ തീവ്രത കൂടിയേക്കുമെന്ന് യുഎസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലയിരുത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് അറിയിച്ചു.

അത്ലാന്റിക്കില്‍ രൂപമെടുത്ത ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആള്‍നാശം കുറഞ്ഞു. കരീബിയന്‍ ദ്വീപുകളിലും ഇര്‍മ വന്‍ നാശമാണ് വിതച്ചത്. മിക്ക ദ്വീപുകളും ജനവാസം പോലും സാദ്യമല്ലാത്ത വിധം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 15.25 ബില്യണ്‍ ഡോളര്‍ അനുവദിച്ചു. ഇര്‍മക്ക് പിന്നാലെ ജോസ്, കതിയ ചുഴലിക്കാറ്റുകളും കരീബിയന്‍ തീരത്തേക്ക് നീങ്ങുന്നുണ്ട്.













