അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന് സൂചന


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി സൂചന. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ് 54 കാരനായ അജയ് മാക്കന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്. എന്നാല്‍ അജയ് മാക്കന്‍ രാജി വെച്ചിട്ടില്ലെന്നും ചികിത്സക്കായി വിദേശത്തേക്ക് പോകുന്നുവെന്നാണ് അറിയിച്ചിട്ടുള്ളതെന്നുമാണ് പി.സി.ചാക്കോ പറഞ്ഞത്.


മാക്കന്‍ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. രോഗാവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. അദ്ദേഹം തിരിച്ചു വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി.സി ചാക്കോ അറിയിച്ചു.


2015 ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.



Sharing is Caring