അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി യോഗി സര്‍ക്കാര്‍


ലഖ്നൗ: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.


അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് ‘ഡോ. ഭീം റാവു റാംജി അംബേദ്കര്‍’ എന്ന പേരിലാണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.


ഇംഗ്ലീഷില്‍ അംബേദ്കറുടെ പേരിന്റെ സ്‌പെല്ലിങ് നിലവിലേതുപോലെ ആയിരിക്കുമെങ്കിലും ഹിന്ദിയില്‍ ഉച്ചരിക്കുന്നതും ഇനിമുതല്‍ ചെറിയ വ്യത്യാസത്തോടുകൂടി ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇനിമുതല്‍ പുതിയ രീതിയിലായിരിക്കണം ഉപയോഗിക്കുന്നതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബറില്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച്‌ അച്ഛന്റെ പേരുകൂടി ചേര്‍ത്താണ് ആണ്‍മക്കള്‍ക്ക് പേരിടുക. മാത്രമല്ല, അംബേദ്കറുടെ ഉച്ചാരണം ഹിന്ദിയില്‍ ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ ആരാധ്യപാത്രമായ അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ദീപക് മിശ്ര ആരോപിച്ചു. ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. അംബേദ്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ബിജെപിക്ക് യാതൊരു ബഹുമാനവുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Sharing is Caring