കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി. ഒരു വര്‍ഷത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ ഏഴ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് അവധി.
നേരത്തെ ശിവശങ്കറിനെ സര്‍വീസില്‍നിന്നും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്പെന്ഷന് നാല് മാസത്തേക്ക് നീട്ടുകയും ചെയ്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ഇദ്ദേഹം.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്നും ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തലായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.