വെൽഫെയർ പാർട്ടിയുമായി താൻ ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തന്റെ അറിവോടെയല്ല. താൻ അറിഞ്ഞാണ് നീക്കു പോക്ക് ഉണ്ടാക്കിയതെന്ന് പറയുന്നത് ശരിയല്ല. വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണ്. മതനിരപേക്ഷ നിലപാടില്‍ താന്‍ വെള്ളം ചേര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ എഐസിസി നിലപാടാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി മറച്ചുവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫയർ പാർട്ടിയെ കരുവാക്കുകയാണെന്ന് വെല്‍ഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഇന്നലെ പറഞ്ഞിരുന്നു. വെല്‍ഫെയർ പാർട്ടിയുമായുള്ള ധാരണ കെപിസിസി പ്രസിഡന്റ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. യുഡിഎഫുമായി നിയമസഭയില്‍ നീക്ക് പോക്ക് ഉണ്ടാവില്ല. നിലവിലുള്ള ധാരണ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ മാത്രമായിരുന്നുവെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.