വിഎസിന് പദവി; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശം പദവിക്ക് യോജിക്കാത്തത്: കോടിയേരി

kodiyeri-press_579455വി എസ് അച്യുതാനന്ദന് ഭരണപരിഷ്കാര ചെയര്‍മാന്‍ പദവി നല്‍കിയതിനെ കുറിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിലകുറഞ്ഞ അധിക്ഷേപങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധനേടുക എന്ന ഉദ്ദേശം മാത്രമാണ് ഈ പ്രസ്താവനയ്ക്ക് പിറകിലുള്ളതെന്നും കോടിയേരി പറഞ്ഞു.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താന്‍ വി എസിന് സിപിഐ എം നല്‍കിയ പൊന്നുംവിലയാണ് ഭരണപരിഷ്കാര കമ്മീഷന്‍ പദവി എന്നായിരുന്നു ബി ജെ പി പ്രസിഡന്റിന്റെ ആക്ഷേപം. സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് ഉണ്ടായ അനുഭവം മുന്‍നിര്‍ത്തിയായിരിക്കാം അദ്ദേഹം ഇത്തരം അഭിപ്രായപ്രകടനം നടത്തിയത്.
ആര്‍എസ്എസ് മുന്‍കൈയെടുത്ത് ജനസംഘം സ്ഥാപിച്ചതുമുതല്‍ സജീവമായി നേതൃനിരയിലുള്ള അടല്‍ബിഹാരി വാജ്പെയും ലാല്‍കൃഷ്ണ അദ്വാനിയും ഇന്ന് ബി ജെ പിയുടെ അജണ്ടയിലില്ല. അദ്വാനി, അവഹേളനത്തിന്റെയും അവഗണനയുടെയും കയ്പുനീര്‍ കുടിച്ചുവറ്റിക്കുകയാണ്. വാജ്പെയ്യെയും പൂര്‍ണമായി വിസ്മരിച്ചു. 1968ല്‍ ജനസംഘത്തിന്റെ പ്രധാന നേതാവായ ദീനദയാല്‍ ഉപാധ്യായ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ പോലും ബി ജെ പി നേതൃത്വം സന്നദ്ധമായില്ല. ജനസംഘത്തിന്റെ പ്രമുഖ നേതാവായിരുന്ന ബല്‍രാജ് മധോകിന് ഉണ്ടായ അനുഭവവും പ്രസിദ്ധമാണ്. ഇങ്ങനെ ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ക്ക് ഉണ്ടായതുപോലുള്ള ഒരവസ്ഥ സിപിഐ എംന്റെ ഒരു നേതാവിനും ഉണ്ടായിട്ടില്ല.

വി എസിന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം അനുവദിച്ചത് തികച്ചും അര്‍ഹതയുള്ള ഒരു കാര്യമാണ്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും നിയമനിര്‍മാണ സഭയിലെ അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഭരണപരിചയവും അനുഭവസമ്പത്തുമുള്ള മറ്റൊരാളും ഇന്ന് കേരളത്തിലില്ല എന്നതാണ് വസ്തുത. വി എസിന് നല്‍കണം എന്നുള്ള ഉദ്ദേശത്തോടെ കണ്ടുപിടിച്ച ഒരു കാര്യമല്ല ഭരണപരിഷ്കാര കമ്മീഷന്‍.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പായി എ കെ ജി പഠനഗവേഷണ കേന്ദ്രം 2016 ജനുവരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ അധ്യക്ഷ പ്രസംഗം നടത്തിയ പിണറായി വിജയന്‍ ഭരണപരിഷ്കാര നടപടികളെ കുറിച്ച് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമായൊരു കാര്യമാണ് ഭരണപരിഷ്കാര നടപടികളെന്ന് എല്‍ ഡി എഫിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോവിലും വ്യക്തമാക്കിയതാണ്. അത്തരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയൊരു വാഗ്ദാനമാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് ബി ജെ പിയും കോണ്‍ഗ്രസും നടത്തിവരുന്ന പ്രചാരവേല രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ളത് മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *