ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോടു സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നിനു മുന്‍പ് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയണമെന്നാണു സര്‍ക്കാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാവിന്റെ അലോട്ട്മെന്റ് ബുധനാഴ്ചയോടെ അവസാനിച്ചു. ഒഴിയുന്നതിനു മുന്‍പു പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കേണ്ടിവരും. ഓഗസ്റ്റ് ഒന്നിനുശേഷം വസതിയില്‍ താമസിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു. 1997-ലാണ് പ്രിയങ്കയ്ക്ക് ഈ വസതി അനുവദിക്കുന്നത്.
അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്കയ്ക്കു നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷ പിന്‍വലിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണു വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.