ബംഗളൂരു: ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ കടുവസങ്കേതത്തിലൂടെ മുഴുവന്‍സമയ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുമ്ബോഴും വിട്ടുവീഴ്ചക്കില്ലാതെ കര്‍ണാടക. മുഴുവന്‍ സമയവും പാത അടക്കണമെന്നാണ് സംസ്ഥാനത്തിെന്റ നിലപാടെന്നും സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ പറഞ്ഞു.
നിലവിലുള്ള രാത്രിയാത്രാനിരോധനം തുടരണമെന്നതാണ് കര്‍ണാടക തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. ഇതില്‍ ഒരു മാറ്റവുമില്ല. പ്രശ്നം പരിസ്ഥിതിയുടേതാണ്. അതിനെതിരെ നിലകൊള്ളുന്നത് സമൂഹത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്. അതിനാല്‍തന്നെ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് അതിര്‍ത്തി കഴിഞ്ഞുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെ ജനങ്ങളുടെ ഉള്‍പ്പെടെ പിന്തുണ ഉറപ്പാക്കി നിലനില്പിനായുള്ള പോരാട്ടം വയനാട്ടില്‍ കരുത്താര്‍ജിക്കുന്നതിനിടെയാണ് മുന്‍ സര്‍ക്കാറുകള്‍ക്കു പിന്നാലെ ബി.ജെ.പി സര്‍ക്കാറും വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ചത്.
ഇതിനിടെ വയനാട്ടിലെ സമരങ്ങള്‍ക്കു പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധി എം.പിയുടെ ട്വീറ്റിനെതിരെ കര്‍ണാടക വനംമന്ത്രി സി.സി. പാട്ടീലും രംഗത്തെത്തി. ദേശീയ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി ഇതുപോലെ സംസാരിക്കരുതെന്നും എല്ലാ വശങ്ങളും ചിന്തിക്കണമെന്നും സി.സി. പാട്ടീല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടക ഭരിച്ചപ്പോള്‍ ഇത്തരമൊരു നിര്‍ദേശം എന്തുകൊണ്ട് രാഹുല്‍ ഗാന്ധി കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ താല്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.