ഹരിയാന ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്


ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും ലോക്‌സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്.ഇന്ന് ഹാജരാകാന്‍ ആയിരുന്നു ആവശ്യം. എന്നാല്‍ റോബര്‍ട്ട് വാദ്ര ഇന്ന് ഹാജരാകില്ലെന്നാണ് വിവരം. അസൗകര്യമുണ്ടെന്ന് വാദ്ര അറിയിച്ചതായതാണ് റിപ്പോര്‍ട്ടുകള്‍.ഇത് മൂന്നാമത്തെ തവണയാണ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.


ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു കേസില്‍ വാദ്രക്ക് ഇ ഡിയുടെ ആദ്യ സമന്‍സ് ലഭിക്കുന്നത്. ഇതിന് ശേഷം ഏപ്രില്‍ പതിനഞ്ചിന് മറ്റൊരു സമന്‍സും ലഭിച്ചു. ഇ ഡിയുടെ സമന്‍സിനെ ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ എന്നായിരുന്നു വാദ്ര വിശേഷിപ്പിച്ചത്. അവര്‍ അന്വേഷണ ഏജന്‍സികളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും തനിക്ക് ഭയമില്ലെന്നും വാദ്ര പറഞ്ഞിരുന്നു.2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഭൂമി വാങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന് ഹൗസിംഗ് സൊസൈറ്റി വികസിപ്പിക്കാനുളള അനുമതി ലഭിച്ചു. ഇതോടെ ഭൂമിയുടെ വില കുതിച്ചുയര്‍ന്നു.


ഇതോടെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വാദ്ര ഈ ഭൂമി വിറ്റു. ഈ സമയത്ത് കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍. ഭൂപീന്ദര്‍ ഹൂഡയായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരില്‍ നിന്ന് ഭൂമി മോഷ്ടിച്ചാണ് കോണ്‍ഗ്രസ് വാദ്രയ്ക്ക് ഭൂമി നല്‍കിയതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഒരു ഇഞ്ച് ഭൂമി പോലും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്ന് താന്‍ വെല്ലുവിളിക്കുകയാണെന്നും വാദ്രയ്ക്ക് ഭൂമി നല്‍കിയതായി ബിജെപി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു ഭൂപീന്ദര്‍ ഹൂഡ അന്ന് പറഞ്ഞത്.



Sharing is Caring