ഹനാനെതിരായ സൈബര്‍ ആക്രമണം:ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു


ജീവിക്കാനായി മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വന്‍ ചെറായി എന്ന വിശ്വംഭരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


ഹനാനെതിരെ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.


ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഹനാനെതിരേ പോസ്റ്റിട്ടതെന്നും ചതി മനസിലായയുടന്‍ താന്‍ പോസ്റ്റ് പിന്‍വലിച്ചതായും ഇയാള്‍ മൊഴിനല്‍കി. ഹനാന്റെ മീന്‍ വില്‍പന ഒരു ചലച്ചിത്രത്തിന്റെ പ്രചരണതന്ത്രമാണെന്നും ഹനാന്‍ സാമ്പത്തികമായി ഉയര്‍ന്ന വീട്ടിലെ പെണ്‍കുട്ടിയാണെന്നും കൈയില്‍ വിലപിടിപ്പുള്ള മോതിരം ധരിച്ചിട്ടുണ്ടെന്നുമൊക്കെയായിരുന്നു ഫേസ്ബുക്ക് ലൈവിലെത്തി ഇയാള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ കൂടുതല്‍ പേര്‍ ഹനാനെതിരേ സൈബര്‍ ആക്രമണവുമായി രംഗത്തുവരികയായിരുന്നു.



Sharing is Caring