സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ നിരവധി വിമര്ശങ്ങളാണിപ്പോൾ ഉയരുന്നത്. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല.













