ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെയെന്നും ജഗദീഷ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞ് മാറാൻ കഴിയില്ല. മോശമായി പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണം. ഒരു കേസാണെങ്കിലും നടപടി വേണം.
നമ്മുടെ പേര് വന്നിട്ടില്ലെന്ന് കരുതി ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ പാടില്ല. ഹേമ കമ്മിറ്റിയിലെ നിർദേശങ്ങൾ വ്യാഖാനിക്കുമ്പോൾ സിനിമാ മേഖലയുടെ ആകെ സ്വഭാവത്തെ ബാധിക്കരുത്. വിജയിച്ച നടന്മാരോ നടിമാരോ ഇത്തരത്തിൽ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാണ് വിജയം കൈവരിച്ചത് എന്ന് റിപ്പോർട്ടിൽ എവിടെയും പരാമർശിച്ചിട്ടില്ല.













