നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊല്ലം പന്മന ആശ്രമത്തിലെ 54 കാരനായ അന്തേവാസിയും എറണാകുളം കോലഞ്ചേരി സ്വദേശിയുമായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാര്‍ഡില്‍ പൊലീസിന്റെ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തതിനാണ് കേസെടുത്തിരിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് സി.ഐ പറഞ്ഞു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ച യുവതിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രീഹരി ശ്രമിച്ചത്. എന്നാല്‍, പെണ്‍കുട്ടി കത്തി പിടിച്ചു വാങ്ങി സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
ആശുപത്രിയില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്. തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി മുറിച്ചുമാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.

കൊല്ലം പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. പക്ഷാഘാതം ബാധിച്ച് ശരീരം തളര്‍ന്നു കിടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ രോഗത്തിനുള്ള ചികിത്സയ്ക്കും പൂജയ്ക്കുമായാണ് ഇയാള്‍ ഇവിടെയെത്തുന്നത്. മാസത്തില്‍ പകുതിയില്‍ കൂടുതല്‍ ദിവസവും ഇയാള്‍ വീട്ടിലെത്താറുണ്ട്. പൂജകള്‍ക്കായെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, ഈ അടുപ്പം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു, താന്‍ പ്ലസ് ടുവിന് പഠിക്കുമ്‌ബോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.
പതിനാറു വയസില്‍ തുടങ്ങിയ പീഡനം പലപ്പോഴും അമ്മയെ അറിയിച്ചെങ്കിലും അമ്മ കാര്യമായി എടുത്തിട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.













