തിരുവനന്തപുരം: നവരാത്രിയാഘോഷത്തോടനുബന്ധിച്ച് പൂജപ്പുരയില്‍ നടന്ന പൊതുപരിപാടിയില്‍ സ്വാമി അഗ്നിവേശിനെതിരേ കൈയേറ്റശ്രമവും പ്രതിഷേധവും. ഇതേതുടര്‍ന്ന് സ്വാമി അഗ്നിവേശ് പരിപാടിയില്‍ നിന്നിറങ്ങിപ്പോയി. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യമഹാസഭയുടെ സൗജന്യ നാട്ടുചികിത്സാ ക്യാന്പും പ്രചാരണ പരിപാടികളും ഉദ്ഘാടനം ചെയ്യാനാണ് സ്വാമി അഗ്നിവേശ് എത്തിയത്.
പരിപാടിയുടെ ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ എത്തിയില്ല. ഇതേതുടര്‍ന്ന് തലസ്ഥാനത്തുണ്ടായിരുന്ന സ്വാമി അഗ്നിവേശ് സംഘാടകരുടെ ക്ഷണപ്രകാരം വേദിയിലെത്തിയത്. പാരന്പര്യവൈദ്യന്മാര് ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാണെന്നും തടയണമെന്നും ചൂണ്ടിക്കാട്ടി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ ഡിഎംഒയ്ക്കു പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്ബ് നടത്തുന്നത് തടഞ്ഞ് പോലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്കി.

പോലീസ് ഇടപെട്ട് മെഡിക്കല്‍ ക്യാമ്ബ് തടഞ്ഞെങ്കിലും ബോധവത്കരണ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സ്വാമി അഗ്നിവേശ് വേദിയിലെത്തി. ഇത് ഉദ്ഘാടനംചെയ്യാന്‍ സ്വാമി അഗ്നിവേശ് വേദിയിലെത്തിയതോടെ ഒരു സംഘം പ്രതിഷേധവുമായി എത്തി. സ്വാമി അഗ്നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. മുദ്രാവാക്യംവിളികളുമായി അവര്‍ വേദിക്കു മുന്നിലെത്തി. ചിലര്‍ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റംചെയ്യാനും ശ്രമിച്ചതോടെ സ്വാമി തന്നെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു..













