സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്‍റെയും സന്ദീപിന്‍റെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. നേരത്തേ ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് 30 കിലോയോളം സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസിനൊപ്പം ദേശീയ സുരക്ഷാ ഏജന്‍സിയുടെ കൈകളിലേക്ക് കൂടി എത്തിയതോടെ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ എന്‍.ഐ.എ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫിസിലെത്തി കേസിന്‍റെ തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെകുറിച്ച് കസ്റ്റംസ് ഇതുവരെ ശേഖരിച്ച വിവരങ്ങളെല്ലാം കൈമാറി.

പ്രതികള്‍ക്കെതിരെ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുമായി ഹരിരാജനുള്ള ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ മണിക്കൂറുകളോളമാണ് ഹരിരാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശം നൽകിയതിന് ശേഷമാണ് ഹരി രാജനെ ഇന്നലെ വിട്ടയച്ചത്.

സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്. അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിക്കുന്നത്. വിദേശികളെ പങ്കാളിയാക്കിയും സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അപൂർവ്വം ചില കേസുകളിൽ മാത്രമാണ് തുടരന്വേഷണം നടത്തിയിട്ടുള്ളൂ. ബഹുഭൂരിപക്ഷം കേസുകളും അതത് കസ്റ്റംസ് യൂണിറ്റുകളുടെ അന്വേഷണത്തിൽ പരിമിതപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

20 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നുള്ളൂ. എന്നാൽ ഇതിനെ മറികടക്കാൻ ഒരു ദിവസം നിരവധി പേരെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടന്നാണ് എന്‍.ഐ.എയുടെ നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *