തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് തിങ്കളാഴ്ച നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടുമുമ്ബു മുഖ്യമന്ത്രി പിണറായി വിജയന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയാണ് സഭ തടസപ്പെടുത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.സഭാ നടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന് മുഖ്യമന്ത്രി നല്കിയ കുറിപ്പ് സ്പീക്കര്‍ക്കു നല്കുന്നതു വ്യക്തമാണ്.
മുഖ്യമന്ത്രി കുറിപ്പ് എഴുതി ജീവനക്കാരന്റെ കയ്യില്‍ കൊടുത്തുവിടുകയും ജീവനക്കാരന് അത് ഡയസിനു താഴെ ഇരിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. ആയാള്‍ അത് മൂന്നാമതൊരാളുടെ കൈവശം ഏല്പിക്കുന്നു. ഇയാളാണു കുറിപ്പു സ്പീക്കര്‍ക്കു കൈമാറിയത്. കുറിപ്പു വായിച്ചശേഷം ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.

എന്നാല്‍, മുഖ്യമന്ത്രി കുറിപ്പു നല്‍കുന്നത് സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാറുണ്ട്. സഭ നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടി മാത്രമാണിത്. ഇത് വിവാദമാക്കേണ്ട കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













