സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; നടന്‍ കൊല്ലം തുളസിക്കെതിരെ കേസ്


തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും ബിജെപി പ്രവര്‍ത്തകനുമായ കൊല്ലം തുളസിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം ഷാഹിദ കമാലാണ് കേസെടുത്ത വിവരം അറിയിച്ചത്.


അതേസമയം കൊല്ലം തുളസിക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചവറ പൊലീസിന് പരാതി നല്‍കി. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശം.


ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തില്‍ സംസാരിക്കവെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി കീറണമെന്നു പറഞ്ഞ കൊല്ലം തുളസി ഒരു ഭാഗം ദില്ലിക്കും ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും ഇട്ടുകൊടുക്കമെന്നും പറഞ്ഞു. ശബരിമല യുവതി പ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുള്‍പ്പെടെ വേദിയിലിരിക്കുമ്ബോഴാണ് ഇത്രയും അധിക്ഷേപകരമായി കൊല്ലം തുളസി സംസാരിച്ചത്.



Sharing is Caring