ലണ്ടന്‍: സംഗീത ലോകത്തിനും മലയാളക്കരയ്ക്കും തീരാ വേദന നല്‍കി നമ്മളില്‍ നിന്ന് വിട പറഞ്ഞകന്ന ബാലഭാസ്‌കര്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മയായി എല്ലാവരുടെയും ഉളളില്‍ കത്തി നില്‍ക്കുകയാണ്. വിടപറഞ്ഞകന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഉള്ളില്‍ ഒരു വിങ്ങലായി ബാലുവിന്റെ സംഗീതം എല്ലാവരെയും പിന്തുടരുന്നുണ്ട്. വയലിനില്‍ ബാലഭാസ്‌കര്‍ തീര്‍ക്കുന്ന വിസ്മയം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ വേര്‍പാട് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.
ഇപ്പോള്‍ ഇതാ ബാലുവിന്റെ വേര്‍പാടില്‍ ദുഖം അറിയിച്ചു കൊണ്ട് യുകെയില്‍ നിന്നുള്ള ഇംഗ്ലിഷ് ഗായകന്‍ സാജ് സാബ്രിയും എത്തിയിരിക്കുകയാണ്. ബാലഭാസ്‌ക്കറിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചും അദ്ദേഹത്തിനു വേണ്ടി ഗാനം ആലപിച്ചുമാണ് സാജ് സാബ്രി രംഗത്തെത്തിയത്. ദുബൈയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് ഇദ്ദേഹം ബാലഭാസ്‌കറിന്റെ വിയോഗത്തെക്കുറിച്ച് അറിയുന്നത്.

ബാലഭാസ്‌കറിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞിട്ടില്ലെന്നതും വേദനയാണെന്ന് വ്യക്തമാക്കിയ സാബ്രി അദ്ദേഹത്തിന് വേണ്ടി മലയാളം ഗാനം ആലപിക്കുന്നുവെന്ന പറഞ്ഞാണ് ഗാനം സമര്‍പ്പിച്ചത്. മലയാളം അത്ര വശമുള്ള ഭാഷയല്ലെന്ന് വ്യക്തമാക്കിയ സാബ്രി തെറ്റുകള്‍ ഉണ്ടെങ്കില്‍ ബാലഭാസ്‌കറിന്റെ ആത്മാവ് എന്നോടു ക്ഷമിക്കട്ടെയെന്ന പറഞ്ഞ് ‘ആയിരം കണ്ണുമായി കാത്തിരുന്ന’ ഗാനം ആലപിക്കുകയായിരുന്നു.













