സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാള്‍ ടൈഗേഴ്‌സും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.അതേസമയം മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കേരളത്തിന്റെ മത്സരങ്ങള്‍ക്ക് 19, ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സ് ആണ് സി 3 കേരള സ്‌ട്രൈക്കേഴ്‌സ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട കേരള ടീമിന്റെ എതിരാളികള്‍.
കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ് കേരളത്തിന്റെ രണ്ടാമത്തെ കളി. ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ജയ്പൂരിലാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേതാണ് കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയ മത്സരം.

മാര്‍ച്ച് 5 ന് നടക്കുന്ന മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സീസണ്‍ ആദ്യ പാദത്തിലെ കേരളത്തിന്റെ അവസാന മത്സരം. മാര്‍ച്ച് 11 ന് രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്‌സ് ആണ് എതിരാളികള്‍.
കുഞ്ചാക്കോ ബോബന്‍ ആണ് സി 3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സിസിഎല്ലിലെ കേരള ടീമില്‍ ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍,രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരൊക്കെയുണ്ട്. ദീപ്തി സതി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ടീമിന്റെ വനിതാ അംബാസിഡര്‍മാര്‍.
മലയാള ചലച്ചിത്ര താരങ്ങളുടെ ക്ലബ്ബ് ആയ സി3യുമായി ഒരുമിച്ചുകൊണ്ടാണ് സി3 കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ ഇക്കുറി ടീം എത്തുന്നത്. 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പ് ആയ കേരള സ്‌ട്രൈക്കേഴ്‌സ് ടീം ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മോഹന്‍ലാല്‍, മുന്‍കാല തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാജ്കുമാര്‍ സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി, നാഗാര്‍ജുന്‍ സേതുപതി, പി എം ഷാജി, ജയ്‌സണ്‍, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ സഹ ഉടമകള്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ടീമുകളാണ് സി സി എല്ലില്‍ മാറ്റുരയ്ക്കുന്നത്. ആകെ 19 മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ ഉണ്ടാവുക. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് ഫൈനല്‍ മത്സരം.













